
ജാതീയതയും തീണ്ടികൂടായ്മയും തൊട്ടുകൂടായ്മയും കൊടികുത്തിവാണിരുന്ന കേരളത്തിന്റെ ഇന്ന് നാം കാണുന്ന പ്രബുദ്ധ കേരളത്തിലേക്കുള്ള അഭൂതപൂർവ്വമായ പരിവർത്തനം എന്നെ എപ്പോഴും ത്രസിപ്പിച്ചിട്ടുള്ളതാണ്. ആ പരിവർത്തനം ഒരു നിമിഷത്തിൽ നടന്നതല്ല എന്ന തിരിച്ചറിവിന് അപ്പുറം കേരളത്തിന്റെ മണ്ണിൽ നടന്നിരുന്ന പ്രശംസ അർഹിക്കുന്ന സംഭവവികാസങ്ങൾ എനിക്ക് അജ്ഞാതമായിരുന്നു. പക്ഷേ ഇന്നും നമ്മുടെ മണ്ണിൽ പുതഞ്ഞ് ഉണങ്ങാതെ കിടക്കുന്ന ജാതീയതയുടെ വേരുകൾക്ക് പൂർണ്ണമായ മൃതി സംഭവിക്കണമെങ്കിൽ ജാതീയതയുടെയും അയിത്തത്തിൻ്റെയും ചങ്ങലകൾ തകർത്തെറിഞ്ഞ് എങ്ങനെയാണ് നാം സ്വാതന്ത്ര്യത്തിലേക്ക് എത്തിയത് എന്നതിനെപ്പറ്റി ഏവരും മനസ്സിലാക്കിയേ തീരൂ. പല കാലങ്ങളായി മനസ്സിലുണ്ടായി വന്ന ഈ ചിന്തകൾ പിന്നെയും തലപൊക്കിയത് കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈക്കം വീരഗാഥ എന്ന നാടകപ്രദർശനത്തിന്റെ പോസ്റ്റർ കണ്ടപ്പോഴാണ്.
വിവേചനങ്ങൾക്ക് അപ്പുറം മനുഷ്യൻറെ അവകാശത്തിനാണ് പ്രാധാന്യം എന്ന് പറയാവുന്ന രീതിയിലേക്ക് കേരളം നടത്തിയ യാത്രയിലെ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ സംഭവമായിരുന്നു വൈക്കം സത്യാഗ്രഹം. അവർണരെ നീചജന്മങ്ങളായി കണക്കാക്കിയിരുന്ന ജാതിക്കോമരങ്ങൾ വൈക്കം ക്ഷേത്രത്തിന് സമീപത്തോടെ പൊതുജനങ്ങൾക്ക് നടക്കാനുള്ള അവകാശത്തെ നിഷേധിച്ച സംഭവമാണ് വൈക്കം സത്യാഗ്രഹത്തിന് കാരണമായത്. ഒട്ടേറെ മനുഷ്യരുടെ സമരവീര്യം കൊണ്ട് വിജയം കണ്ട ഈ സത്യാഗ്രഹത്തിൻ്റെ ഭാഗമാകാൻ മനുഷ്യസമത്വത്തിന് പ്രാധാന്യം നൽകിയ സവർണരും ഒത്തുചേർന്നു എന്നത് ഈ സത്യാഗ്രഹത്തെ മറ്റുള്ള സമരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
2024 ഫെബ്രുവരി 18 ആം തീയതി വൈക്കം സത്യാഗ്രഹത്തിൻ്റെ വാർഷികത്തോടനുബന്ധിച്ചാണ് ഒരു തുറന്ന വേദിയിൽ ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി വളരെ വിജയകരമായി രണ്ടര മണിക്കൂറോളം നീണ്ട ഈ നാടകം അരങ്ങേറിയത്. നാടകം കണ്ടു മടങ്ങുന്ന ഓരോ വ്യക്തിയുടെയും മനസ്സിൽ വൈക്കം സത്യാഗ്രഹവും അതിൽ പ്രവർത്തിച്ച വീരസമര നേതാക്കളും എത്രകാലം മാറാതെ നിൽക്കുമോ അത്രകാലവും ഈ നാടകവും നാടകത്തിൽ പങ്കാളികളായ നാട്ടുകാരും മായാതെ നിൽക്കും എന്നത് മറ്റൊരു വാസ്തവം.
ഈ നാടകത്തിനെ വിജയത്തിലേക്ക് നയിച്ചത് നയിക്കുന്നതിൽ ഉള്ളടക്കത്തിന് അപ്പുറം പ്രാധാന്യം കൽപ്പിക്കപ്പെട്ട മറ്റു ചില ഘടകങ്ങൾ കൂടിയുണ്ട്. അത് ഇതിൻറെ പശ്ചാത്തലമാണ്. വർഷാവർഷം ആത്മീയ പ്രഭാഷണങ്ങളും ഭാഗവത പാരായണവും ഉൾക്കൊള്ളിച്ച്
സപ്താഹയജ്ഞം നടത്തിവരുന്ന ക്ഷേത്രമാണ് കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം. അതിൻ്റെ ഭാഗമായാണ് ഈ വർഷം നാടകം സംഘടിപ്പിച്ചത്. ക്ഷേത്രത്തിലെ ചടങ്ങുകൾക്കും അപ്പുറം മനുഷ്യനും മനുഷ്യ ജീവിതത്തിനും പ്രാധാന്യം നൽകുന്ന ക്ഷേത്ര സമിതിയുടെ പ്രശംസ അർഹിക്കുന്ന ഇടപെടലാണ് ഇത്തരമൊരു നാടകാവതരണത്തിലേക്ക് കോട്ടൂർ ഗ്രാമ നിവാസികളെ നയിച്ചത്. കോട്ടൂർ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന 80 ഓളം അഭിനേതാക്കളും അണിയറ പ്രവർത്തകരും ആണ് ഈ നാടകത്തിൽ ഉള്ളത്. കാണാൻ വന്ന ആളുകൾക്കെല്ലാം ചിര പരിചിതരായ ഒട്ടേറെ മനുഷ്യർ നാടകത്തിൽ അഭിനയിച്ചിട്ടുണ്ടാവാം. ഒന്നോ രണ്ടോ പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ ഒഴിച്ചാൽ മറ്റ് എല്ലാവരും ആദ്യമായി സ്റ്റേജിൽ കയറുകയാണെങ്കിൽപ്പോലും, മികച്ച രീതിയിൽ നാടകത്തെ കാണികളിലേക്ക് എത്തിക്കാനും, കഥാപാത്രത്തെ തനിമയോട് അവതരിപ്പിക്കാനും എല്ലാവർക്കും സാധിച്ചിട്ടുണ്ട്.
നാടകം കാണാൻ പോയ അനുഭവം ഇന്നും മനസ്സിൽ മായാതെ അവശേഷിക്കുന്നു. നാടകം തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ സീറ്റുകൾ എല്ലാം അതിവേഗത്തിൽ നിറയാൻ തുടങ്ങി. അവിടെ ചെന്നിരുന്നത് മുതൽ ചുറ്റുമുള്ള എല്ലാവരും സംസാരിക്കുന്നത് നാടകത്തെക്കുറിച്ച് മാത്രമാണ്. നാടകം കാണുക എന്ന ലക്ഷ്യത്തോടുകൂടി ഒരേ മനസ്സോടെ ഇരിക്കുന്ന ആ ജനസഞ്ചയത്തെ ഒരാൾക്കൂട്ടത്തിൽ നിയന്ത്രിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളൊന്നും കൂടാതെ തന്നെ നിയന്ത്രിക്കാൻ അവിടെ സജ്ജരായിരുന്ന വളണ്ടിയർമാർക്കും സാധിച്ചു. സജ്ജീകരണത്തിലും ആസൂത്രണത്തിലും നാടകസംഘവും വളണ്ടിയർമാരും കാണിച്ച മികവും എടുത്തുപറയേണ്ടതാണ്. നാടകത്തിൽ പങ്കാളികളായവരെല്ലാം കോട്ടൂർ തന്നെ ആയതു കൊണ്ടായിരിക്കും എല്ലാ മനുഷ്യരും തമ്മിലുള്ള ഏകോപനമികവും കാണികളെ വല്ലാതെ ആകർഷിച്ചതായി മനസ്സിലാക്കി.
പ്രായോഗിക ബുദ്ധിമുട്ടുകൾ എല്ലാം അറിയുകയും മറികടക്കുകയും ചെയ്തു കൊണ്ട് ഈ നാടകം ഒരു കൂട്ടം തുടക്കക്കാരുടെ ആണെന്ന് തോന്നാത്ത വിധം അണിയിച്ചൊരുക്കുന്നതിൽ പ്രതിഭാധനരായ തിരക്കഥാകൃത്ത് ഹരീഷ് കോട്ടൂരിനും സംവിധായകൻ സുരേഷ് പാർവതിപുരത്തിനും വലിയ പങ്കുണ്ടെന്ന് വ്യക്തമാണ്. സമീപകാല യാഥാർത്ഥ്യങ്ങളുമായി വൈക്കം സത്യാഗ്രഹത്തെ ചേർത്തുവച്ചതും, എഴുതപ്പെടാത്ത സത്യാഗ്രഹികളെ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള കഥാവതരണ രീതിയും, വലിയ പ്രൊഫഷണൽ നാടകങ്ങൾക്ക് മാത്രം കണ്ടിട്ടുള്ള മൂന്ന് പ്രതലങ്ങളായി സ്റ്റേജിനെ അറേഞ്ച് ചെയ്ത രീതിയും മറ്റും ഉൾപ്പെടുത്തി കൊണ്ടുള്ള അവതരണവും നാടകത്തെ മികച്ച അനുഭവമാക്കി തീർത്തിരുന്നു.
അവസാന ഭാഗത്ത് എല്ലാ തടസ്സങ്ങളെയും അതിജീവിച്ചുകൊണ്ട് ക്ഷേത്ര വളപ്പിൽ അവർണ്ണർ പ്രവേശിക്കരുത് എന്നുള്ള ബോർഡ് എടുത്തു മാറ്റി സത്യാഗ്രഹികളും സമരനായകരും അവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന രംഗത്തോടെ തിരശ്ശീല വീഴുന്ന ഈ നാടകം, ഒരു നാടിനെ ഒന്നാകെ നാടകത്തിന്റെയും കലയുടെയും മാധുര്യം അനുഭവിപ്പിക്കുന്നു. പ്രാദേശിക കലാകാരന്മാരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വൈക്കം വീരഗാഥ ഒരു മാതൃകയായിരിക്കുകയാണ്.
നിയതി ദർശൻ കാരാട്ട്

