പ്രകൃതിവാതക പൈപ്പ് ലൈന്‍ മലബാറിനെ തൊടില്ല

 
gas-pipeline

കാസര്‍കോട്: ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വിട. കാസര്‍കോട് ജില്ലക്കാര്‍ക്ക് സമാശ്വസിക്കാം. ഉത്തരകേളത്തിന്റെ വ്യവസായ വികസനത്തിന് ഏറെ കരുത്ത് പകരാനുതകുന്ന കൊച്ചി-മംഗലാപുരം പ്രകൃതിവാതക ലൈന്‍ പദ്ധതി കാസര്‍കോട് ജില്ലയില്‍ കടക്കില്ല. പ്രകൃതിവാതകം കൊണ്ടുപോകുന്ന പൈപ്പ് ലൈനുകള്‍ സുരക്ഷിതമല്ലെന്ന ആശങ്കമൂലം കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള വലിയ വിഭാഗം പ്രതിഷേധവും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയതോടെ കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെ പ്രകൃതിവാതക വിതരണത്തിന്റെ ഗ്രിഡില്‍ നിന്നും പുറത്താക്കാന്‍ അധികൃതര്‍ ഏതാണ്ട് തീരുമാനിച്ചു.

കൊച്ചിയില്‍ നിന്ന് മംഗലാപുരം വരെ 505 കിലോമീറ്റര്‍ ദൂരത്തില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്(ഗെയില്‍) സ്ഥാപിക്കുന്ന പൈപ്പ് ലൈന്‍ കടന്നുപോകുന്നതിന് ഈ ജില്ലകളിലെ പ്രദേശങ്ങള്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. പക്ഷെ എതിര്‍പ്പ് രൂക്ഷമായതിനെത്തുടര്‍ന്ന് മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ ഗെയില്‍ അധികൃതര്‍ ഒരുങ്ങുകയായിരുന്നു. പ്രതിഷേധംമൂലം ഈ മേഖലയില്‍ അഞ്ചു ശതമാനം പോലും ജോലികള്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.

എതിര്‍പ്പുകള്‍ കണക്കിലെടുത്ത് മലപ്പുറം ജില്ലയിലെ കൂറ്റനാടുനിന്ന് പൈപ്പ് ലൈന്‍ പാലക്കാട്, കോയമ്പത്തൂര്‍ വഴി ബാംഗ്ലൂരിലേക്കും അവിടെ നിന്ന് മംഗലാപുരത്തേക്കും കൊണ്ടുപോകാനാണ് ഇപ്പോഴത്തെ ആലോചന. ഇതോടെ കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ ഈ ഗ്രിഡില്‍ നിന്നും പുറത്താകും. അടുത്ത മാര്‍ച്ചില്‍ പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കായംകുളത്തെ എന്‍ടിപിസി യിലേക്ക് കടല്‍ വഴി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കരാറായിട്ടില്ല.

കേരളത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ഈ പ്രകൃതി വാതക വിതരണ ശൃംഖലയുടെ ആദ്യഘട്ടം സജ്ജമായിക്കഴിഞ്ഞു. കൊച്ചി പുതുവൈപ്പില്‍ പെട്രോനെറ്റ് എല്‍.എന്‍.ജി. നിര്‍മിക്കുന്ന 50 ലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള ടെര്‍മിനലില്‍ നിന്ന് വ്യവസായ സ്ഥാപനങ്ങള്‍ക്കും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും പ്രകൃതിവാതകം ലഭ്യമാക്കുന്നതിനാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത്.

ഗെയിലിന്റെ പൈപ്പ് ലൈനിലൂടെ കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ദ്രവീകൃത പ്രകൃതി വാതകം ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്കെല്ലാം പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനാകും. പരിസ്ഥിതി സൗഹൃദ ഇന്ധനമാണിത്. വെള്ളവും വെളിച്ചവും എത്തുന്നതുപോലെ പാചകവാതകം നേരിട്ട് വീടുകളിലെത്തിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

എല്‍എന്‍ജി ബോംബ് പോലെ പൊട്ടുമെന്നും ഏറ്റെടുക്കുന്ന ഭൂമിയില്‍ കൃഷി ചെയ്യാനാവില്ലെന്നുമുള്ള അഭ്യൂഹങ്ങളാണ് പൈപ്പ് ലൈനിന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരു കാരണം. എന്നാല്‍ എല്‍എന്‍ജി പൈപ്പ് ലൈന്‍ തികച്ചും സുരക്ഷിതമാണെന്ന് ഗെയില്‍ അധികൃതര്‍ പറയുന്നു. മണ്ണിനടിയില്‍ ഒരു മീറ്റര്‍ വരെ താഴ്ചയിലാണ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത്. പൈപ്പ് ലൈന്‍ ഇട്ടതിനു ശേഷവും കൃഷി നടത്താന്‍ യാതൊരു തടസവുമില്ല. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ പൈപ്പ്‌ലൈനിനായി മുപ്പത് മീറ്ററാണ് ഏറ്റെടുക്കുന്നതെങ്കിലും കേരളത്തിലിത് ഇരുപതു മീറ്ററായി കുറച്ചിട്ടുണ്ട്. സ്ഥലത്തിന്റെ ഉപയോഗാവകാശം മാത്രമാണ് ഗെയില്‍ ഏറ്റെടുക്കുക. സ്ഥലത്തിന്റെ അധികാരവും ക്രയവിക്രയ സ്വാതന്ത്ര്യവും ഉടമസ്ഥനു തന്നെയാവും.

Leave a comment