
2100 ഓടെ ഭൂമിയുടെ ശരാശരി താപനില ചുരുങ്ങിയത് നാലു ഡിഗ്രി സെല്‍ഷ്യസെങ്കിലും വര്‍ധിക്കുമെന്ന് പുതിയ പഠനങ്ങള്‍. 2200 ഓടെ ശരാശരി താപ വര്‍ധന എട്ടു ഡിഗ്രി സെല്‍ഷ്യസ് ആകാനും സാധ്യതയുണ്ടത്രെ.
2100 ഓടെ ഭൂമിയുടെ ശരാശരി താപനില ചുരുങ്ങിയത് നാലു ഡിഗ്രി സെല്‍ഷ്യസെങ്കിലും വര്‍ധിക്കുമെന്ന്പുതിയ പഠനങ്ങള്‍. 2200 ഓടെ ശരാശരി താപവര്‍ധന എട്ടു ഡിഗ്രി സെല്‍ഷ്യസ് ആകാനും സാധ്യതയുണ്ടത്രെ. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലാ ഗവേഷകനായ പ്രൊഫ. സ്റ്റീവന്‍ ഷെര്‍വുഡിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര ഗവേഷക സംഘമാണ് വരാനിരിക്കുന്ന വല്ലാത്ത കാലത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഹരിതഗൃഹവാതകമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ പുറന്തള്ളല്‍ ഇങ്ങനെ തുടര്‍ന്നാല്‍ നമ്മെ കാത്തിരിക്കുന്നത് ചുട്ടുപൊള്ളുന്ന ഭാവിയാണെന്ന അപായമണികള്‍തന്നെയാണ് വിവിധ പഠനറിപ്പോര്‍ട്ടുകള്‍ മുഴക്കുന്നത്.
വ്യാവസായിക വിപ്ലവത്തിനു മുമ്പ് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ശരാശരി അളവ് 278 പിപിഎം ആയിരുന്നെങ്കില്‍ ഇന്നത് 400 പിപിഎമ്മിലെത്തി. കാലാവസ്ഥയെ ഏറെ സ്വാധീനിക്കുന്ന മേഘരൂപീകരണവും അതുമായി കാര്‍ബണ്‍ ഡൈ ഓക്സൈഡിനുള്ള ബന്ധവുംകൂടിയാണ് ന്യൂ സൗത്ത് വെയില്‍സ് ഗവേഷകര്‍ ചുരുള്‍നിവര്‍ത്തിയത്. ജലബാഷ്പീകരണത്തിലൂടെ അന്തരീക്ഷത്തിലെത്തുന്ന നീരാവി സാധാരണയായി അന്തരീക്ഷത്തിന്റെ താഴ്ന്നതലങ്ങളില്‍ ഘനീഭവിച്ച് മേഘങ്ങളായി മാറും. എന്നാല്‍ അന്തരീക്ഷത്തിന്റെ താഴ്ന്ന തലങ്ങളിലെ മേഘരൂപീകരണത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അതിസാന്നിധ്യം തകിടംമറിക്കുന്നുവെന്നാണ് പുതിയ ഗവേഷണം തെളിയിക്കുന്നത്. സമുദ്രത്തിനു മുകളിലുള്ള അന്തരീക്ഷത്തിലെ മേഘരൂപീകരണമാണ് ഇവര്‍ നിരീക്ഷിച്ചത്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവു കൂടുമ്പോള്‍ ജലബാഷ്പം അന്തരീക്ഷത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ എത്തുകയും താഴ്ന്ന തലങ്ങളിലെ മേഘരൂപീകരണം തടസ്സപ്പെടുകയും ചെയ്യും.
മേഘങ്ങള്‍ ഒരളവുവരെ ഭൂമിയിലേക്കു വരുന്ന സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് പുറത്തേക്കു വിട്ട് താപനില നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ മേഘരൂപീകരണം തടസ്സപ്പെടുന്നതിലൂടെ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവു കൂടും. അത് താപവര്‍ധനവിന് വഴിയൊരുക്കുകയും ചെയ്യും. ആഗോളതാപനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ പങ്ക് മുമ്പ് കരുതിയതിനെക്കാള്‍ ഭീകരമാണെന്നു സാരം. കഴിഞ്ഞ എട്ടുലക്ഷം വര്‍ഷത്തെ അന്തരീക്ഷ കാര്‍ബണ്‍ ഡൈ ഓക്സൈഡ് തോതില്‍ റെക്കോഡ് വര്‍ധനയുണ്ടായ വര്‍ഷമാണ് കഴിഞ്ഞുപോയത്. ഹവായിയിലെ മൗനലോവ അഗ്നിപര്‍വതത്തില്‍ ചാള്‍സ് കീലിങ് ആണ് 1958ല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവു രേഖപ്പെടുത്താന്‍ തുടങ്ങിയത്. ഇ ഗ്രാഫ് കീലിങ് കര്‍വ് എന്നാണ് അറിയപ്പെടുന്നത്. പനിച്ചൂടില്‍ വിറയ്ക്കുന്ന ഭൂമിയുടെ ആത്മഹത്യാ മുനമ്പിലേക്കുള്ള യാത്രയുടെ കൃത്യമായ ചിത്രമാണ് ഇതില്‍ തെളിയുന്നത്.
കഴിഞ്ഞ ദശകത്തില്‍ പ്രതിവര്‍ഷം ശരാശരി 2.1 പിപിഎം എന്ന തോതിലാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവു വര്‍ധിച്ചത്. 2013 മെയ് ഒമ്പതിന് സ്ക്രിപ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഓഷ്യനോഗ്രഫിയിലെയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിലെയും ഗവേഷകരാണ് റെക്കോഡ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് തോത് ആയ 400 പിപിഎം മൗനലോവയില്‍ രേഖപ്പെടുത്തിയത്. 2012ല്‍ ഇത് ഏതാണ്ട് 393 പിപിഎം ആയിരുന്നു. 53 ലക്ഷം വര്‍ഷംമുമ്പ് ആരംഭിച്ച് 26 ലക്ഷം വര്‍ഷംമുമ്പ് അവസാനിച്ച പ്ലിയോസീന്‍ കാലഘട്ടത്തില്‍ അന്തരീക്ഷ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ തോത് 415 പിപിഎംവരെ ഉയര്‍ന്നിരുന്നുവെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. താപനില കുതിച്ചുയര്‍ന്ന കാലമായിരുന്നു അതെന്ന് ഫോസില്‍ പഠനങ്ങള്‍ സൂചിപ്പിക്കുകയും ചെയ്യുന്നു. അതിനു സമാനമായ അവസ്ഥയിലേക്ക് ഇനി അധികം അകലമൊന്നുമില്ല. ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനവും വനനാശവും ഇങ്ങനെ തുടരുകയും ബദല്‍ ഹരിത ഊര്‍ജസ്രോതസ്സുകള്‍ തേടാതിരിക്കുകയും ചെയ്താല്‍ അടുത്ത ഏതാനും ദശകങ്ങള്‍ക്കുള്ളില്‍തന്നെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ തോത് 450 പിപിഎം കഴിയും. മീഥെയ്ന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെയും അളവ് അന്തരീക്ഷത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ആഗോള താപനത്തിന്റെ കാരണങ്ങളില്‍ പകുതിയിലധികം കാരണങ്ങള്‍ക്കും പിന്നില്‍ മനുഷ്യന്റെ വിവേചനരഹിതമായ പ്രവര്‍ത്തനങ്ങള്‍തന്നെയാണ്. ആഗോളതാപനം ഇങ്ങനെ തുടര്‍ന്നാല്‍ മഞ്ഞുമുഴുവന്‍ ഉരുകിത്തീരുന്ന, മരുഭൂമികള്‍ വിസ്തൃതമാവുന്ന, സമുദ്രം കലിതുള്ളുന്ന, ശുദ്ധജലം അത്യപൂര്‍വ വസ്തുവാകുന്ന, ആവാസവ്യവസ്ഥകള്‍ അപ്രത്യക്ഷമാവുന്ന ദുരന്തകാലം അകലെയല്ലെന്ന് യുഎന്‍ കാലാവസ്ഥാ സംഘടനയും ഓര്‍മപ്പെടുത്തുന്നു. ആഗോള താപന വര്‍ധനവിന്റെ ഓരോ കണക്കും ഞെട്ടിക്കുന്നതാണ്. 1850നുശേഷം ഏറ്റവും ചൂടുകൂടിയ വര്‍ഷങ്ങളുണ്ടായത് കഴിഞ്ഞ മൂന്നു ദശകങ്ങളിലാണ്. 1950കള്‍ക്കുശേഷം തണുപ്പുള്ള പകലുകളുടെയും രാത്രികളുടെയും എണ്ണം കുറഞ്ഞു. എന്നാല്‍ ചൂടുകൂടിയ ദിനരാത്രങ്ങളുടെ എണ്ണം വര്‍ധിച്ചു. 1970 മുതല്‍ സമുദ്ര താപനില ഓരോ 10 വര്‍ഷം കൂടുമ്പോഴും 0.11 ഡിഗ്രി സെല്‍ഷ്യസ് വീതമാണ് ഉയരുന്നത്. അന്തരീക്ഷ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുന്നതനുസരിച്ച് സമുദ്രത്തില്‍ ലയിച്ചുചേരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവു വര്‍ധിച്ച് സമുദ്രം അമ്ലമായിക്കൊണ്ടിരിക്കുന്നു. ഇത് സമുദ്രത്തിലെ ഭക്ഷ്യശൃംഖലയെ തകര്‍ക്കും. പവിഴപ്പുറ്റ്, പുറന്തോടുള്ള കടല്‍ജീവികള്‍, മത്സ്യങ്ങള്‍ എന്നിവയുടെയൊക്കെ അതിജീവനം ഒരു ചോദ്യചിഹ്നമായി മാറിക്കഴിഞ്ഞു.
ആര്‍ട്ടിക്കിലെ സമുദ്ര ഐസ് ആകട്ടെ 1979 മുതല്‍ 2012 വരെ ഓരോ ദശകത്തിലും 3.5-4 ശതമാനമാണ് കുറഞ്ഞത്. ഹിമാലയം അടക്കമുള്ള മഞ്ഞുപര്‍വതങ്ങളും ഉരുകിയൊലിച്ചുകൊണ്ടിരിക്കുന്നു. അടുത്ത നൂറ്റാണ്ടോടെ സമുദ്രനിരപ്പ് ഏകദേശം ഒരു മീറ്റര്‍വരെ ഉയര്‍ന്നേക്കുമെന്നും ശാസ്ത്രജ്ഞര്‍. പല താഴ്ന്ന സ്ഥലങ്ങളെയും സമുദ്രം വിഴുങ്ങും. ലോകത്തിന്റെ പല ഭാഗങ്ങളിലും അപകടകാരികളായ ചുഴലിക്കാറ്റുകള്‍, താപതരംഗങ്ങള്‍, കൊടും വരള്‍ച്ച, ക്ഷാമം, പകര്‍ച്ചവ്യാധികള്‍, ജൈവവൈവിധ്യനാശം തുടങ്ങിയവയുടെ ആവൃത്തി വര്‍ധിച്ചതും എല്‍ നിനോ, ലാ നിനോ പോലുള്ള പ്രതിഭാസങ്ങളുമൊക്കെ ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങളുടെ നേര്‍ക്കാഴ്ചകളാണ്. വരുംനൂറ്റാണ്ടില്‍ ലോകജനസംഖ്യ 900 കോടിയിലെത്തുന്നതോടെ സ്ഥിതി കൂടുതല്‍ ആശങ്കാജനകമാവും.
– See more at: http://www.deshabhimani.com/newscontent.php?id=406755#sthash.UqADdxWv.dpuf
