ഡയറി ഫാമില്‍ നിന്ന് വൈദ്യുതിയും- ഡോ. ടി. പി സേതുമാധവന്‍

Mathrubhumi Agriculture

പശുവളര്‍ത്തലില്‍ ഉല്പാദനചിലവ് വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനുള്ള സാങ്കേതികവിദ്യക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലയളവില്‍ പാലിന്റെ വിലയിലുണ്ടായ വര്‍ദ്ധനവ് 56 % വും തീറ്റയുടെ വിലയിലുണ്ടായ വര്‍ദ്ധനവ് 220 ശതമാനവുമാണ്. പശുവളര്‍ത്തലില്‍ ലാഭകരമാക്കാന്‍ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്.

പാലും പാലുല്‍പ്പന്നങ്ങളും, ജൈവവളവും നിര്‍മ്മിച്ച് വിപണനം നടത്തുന്നതിലൂടെ പശുവളര്‍ത്തല്‍ കൂടുതല്‍ ലാഭകരമാക്കാം. തീറ്റപ്പുല്ല് കൃഷി ചെയ്യുന്നതിലൂടെ ഉല്പാദനചിലവ് കുറയ്ക്കാം.

ചാണകത്തില്‍ നിന്നും ഗോബര്‍ ഗ്യാസ് ഉണ്ടാക്കുന്ന സാങ്കേതികവിദ്യക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഗോബര്‍ ഗ്യാസ് ഉപയോഗിച്ച് വൈദ്യുതിയും സിലിണ്ടറില്‍ compressed പാചകവാതകവും നിര്‍മ്മിക്കുന്ന പുത്തന്‍ സാങ്കേതികവിദ്യ കൂടുതല്‍ വിപുലപ്പെട്ടുവരുന്നു. ഗോബര്‍ ഗ്യാസ് ശുദ്ധീകരിച്ച് Compressed Liquefied Gas ആയി സിലിണ്ടറില്‍ ലഭ്യമാക്കുന്ന പ്രക്രിയും വിപുലപ്പെട്ടുവരുന്നു.

ഗോബര്‍ ഗ്യാസില്‍ നിന്നും കുറഞ്ഞ ചിലവില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ വെറ്ററിനറി സര്‍വ്വകലാശാലയിലെ യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാമില്‍ ലാഭകരമായി ഉപയോഗിച്ചുവരുന്നു. ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഫാമില്‍ കറവ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനും ഇലക്ട്രിക് ബള്‍ബുകള്‍ കത്തിക്കുന്നതിനും ഉപയോഗിക്കുന്നു.

നാലുമാസമായി പ്രവര്‍ത്തിക്കുന്ന ഗോബര്‍ ഗ്യാസ് പ്ലാന്റില്‍ നിന്നും 800 യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഫാം മേധാവി ഡോ. അനില്‍ കെ.എസ് അഭിപ്രായപ്പെട്ടു. ഇതിലൂടെ ഫാമിലെ വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കുവാന്‍ സാധിച്ചിട്ടുണ്ട്.

25 ക്യുബിക് മീറ്റര്‍ ശേഷിയുളള ഗോബര്‍ ഗ്യാസ് പ്ലാന്റാണ് ഇതിനായി ഉപയോഗിക്കുന്നത്. ദിവസേന 200കി.ഗ്രാം ചാണകവും വെളളവും പ്ലാന്റിലേയ്ക്ക് കടത്തിവിടും. പ്ലാന്റില്‍ ഉല്പാദിപ്പിക്കുന്ന ഗോബര്‍ ഗ്യാസ് clarifier വഴി ശുദ്ധീകരിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ജനറേറ്ററിനു ഇന്ധനമായി ഉപയോഗിക്കുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ മണിക്കൂറില്‍ 4 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ഒരു മണിക്കൂറില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ 3½ – 4 ക്യുബിക് മീറ്റര്‍ ഗ്യാസ് അത്യാവശ്യമാണ്. പ്ലാന്റില്‍ നിന്നും 2 – 2½ മണിക്കൂര്‍ നേരത്തേക്ക് ആവശ്യമായ വൈദ്യുതിക്ക്‌വേണ്ട ഗ്യാസാണ് ഇപ്പോള്‍ ഉല്പാദിപ്പിക്കുന്നത്. കാലത്തും വൈകീട്ടും ഫാമിലെ വിവിധ ഷെഡുകളില്‍ പ്രവര്‍ത്തിപ്പിക്കുന്ന 1½ HP ശേഷിയുളള 2 കറവയന്ത്രങ്ങള്‍ 4 മണിക്കൂര്‍ ഇതിലൂടെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിലൂടെ ഏകദേശം 7 യൂണിറ്റോളം വൈദ്യുതി ലാഭിയ്ക്കാന്‍ കഴിയുന്നു.

ഗോബര്‍ ഗ്യാസ് പ്ലാന്റില്‍ നിന്നുളള സ്ലറി തീറ്റപുല്‍കൃഷിയ്ക്ക് ഉപയോഗിച്ചുവരുന്നു. പച്ചക്കറി, ഉദ്യാനകൃഷി എന്നിവയ്ക്കാവശ്യമായ ചാണകം ഉണക്കിപ്പൊടിച്ച് 20 കിലോ, 2½ കിലോ പാക്കറ്റില്‍ വില്‍പ്പന നടത്തിവരുന്നു.

ഒരു ഗോബര്‍ ഗ്യാസ് പ്ലാന്റ് കൂടി സ്ഥാപിച്ച് ഫാമിലേയ്ക്കും ഓഫീസിലേയ്ക്കും ആവശ്യമായ വൈദ്യുതി പൂര്‍ണ്ണമായിട്ടും ഉല്പാദിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ നടന്നുവരുന്നു.

5 – 8 പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് ഗോബര്‍ ഗ്യാസ് പ്ലാന്റിലൂടെ ഫാമുകള്‍ക്കാവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ക്ഷീര സംരംഭകര്‍ക്ക് മാതൃകയാക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡോ. അനില്‍ കെ. എസ് – 9446320200

നീരയെ അറിയാം Mathrubhumi Agriculture

Posted on: 25 Aug 2013

ഏറെ കാലത്തെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം നാളികേരകര്‍ഷകര്‍ക്ക് പ്രതീക്ഷകളുമായി നീര വരികയാണ്.സംസ്ഥാനത്ത് പുതുമുഖമായതുകൊണ്ട് നീരയെ പരിചയപ്പെടാം:

കള്ള് ഉണ്ടാക്കാനായി തെങ്ങിന്‍പൂക്കുല ചെത്തിയെടുക്കുന്ന പൂക്കുലസത്ത് തന്നെയാണ് നീര. എന്നാല്‍, പുളിക്കാനനുവദിക്കാതെ നീര സംസ്‌കരിക്കേണ്ടതുകൊണ്ട് കൂടുതല്‍ ശ്രദ്ധയും വൈദഗ്ധ്യവും ചെത്തുന്നവര്‍ക്ക് വേണം.

ഉപഭോക്താവിന്റെ കൈകളിലെത്തുന്നത് സംസ്‌കരിക്കപ്പെട്ട നീരയാണ്, യഥാര്‍ഥ നീരയല്ല. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന നീരപാനീയം ‘കേരാമൃതം’ എന്നാണ് അറിയപ്പെടുന്നത്.

നീരയില്‍നിന്ന് ഉത്പാദിപ്പിക്കാവുന്ന ചക്കര, പഞ്ചസാര മുതലായവയ്‌ക്കൊക്കെ വിപണിയില്‍ വന്‍ പ്രിയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു തെങ്ങില്‍നിന്ന് ഒരു ദിവസം രണ്ടുലിറ്റര്‍ നീര ലഭിക്കും. എന്നാല്‍, നല്ല പരിചരണം ലഭിക്കുന്ന ആരോഗ്യമുള്ള തെങ്ങില്‍നിന്ന് അഞ്ചുലിറ്റര്‍ വരെ നീര ലഭിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

നീര എടുക്കുന്ന ഒരു തെങ്ങ് വര്‍ഷത്തില്‍ 1200 രൂപയിലധികം അറ്റാദായം നല്‍കും.

നീര എടുക്കുന്ന തെങ്ങില്‍ പിന്നീട് നാളികേര ഉത്പാദനവര്‍ധനയുണ്ടാകുമെന്ന് പഠനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതില്‍ ആല്‍ക്കഹോളിന്റെ അളവ് തീരേയില്ല. എന്നാല്‍, ശേഖരിച്ച് കഴിഞ്ഞതുമുതല്‍ പുളിക്കാന്‍ തുടങ്ങും. അതുകൊണ്ട് നീര ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉത്പാദനവും സംസ്‌കരണവും കര്‍ശനമായ നിയമമേല്‍നോട്ടത്തിലായിരിക്കും.

സംസ്‌കരിച്ച നീര ഒരു വര്‍ഷത്തോളം കേടുകൂടാതെ സൂക്ഷിച്ചുവെക്കാന്‍ സാധിക്കും.

ജലസേചനമുള്ള തെങ്ങുകളില്‍ കൂടുതല്‍ നീര ലഭിക്കും. വരള്‍ച്ചാമാസങ്ങളില്‍ കുറയും.

കുള്ളന്‍ ഇനങ്ങളേക്കാള്‍ നെടിയ ഇനങ്ങളില്‍നിന്ന് കൂടുതല്‍ നീര ലഭിക്കും. എന്നാല്‍, തെങ്ങിന്റെ അധികോത്പാദനശേഷിയും കുറഞ്ഞ പ്രായവും നല്ല പരിചരണവും കൂടുതല്‍ നീര ലഭ്യമാക്കും.

ഒരു മാസംകൊണ്ട് ഒരു പൂക്കുലയില്‍നിന്ന് 50 ലിറ്റര്‍ നീര ലഭിക്കുമെന്ന് കണക്കാക്കിയിട്ടുണ്ട്.

നാളികേര കര്‍ഷകരുടെ കൂട്ടായ്മകള്‍ക്ക് നീരയുടെ ഉത്പാദനത്തിലും സംസ്‌കരണത്തിലും വിപണനത്തിലും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.

ഐസ്‌ക്രീം, ബിസ്‌കറ്റ്, ചോക്കലേറ്റ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങളും നീരയില്‍നിന്ന് ഉത്പാദിപ്പിക്കാം.

ലഹരി തീരേയില്ലാത്ത ഈ സമ്പൂര്‍ണ ആരോഗ്യപാനീയം കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തിനും വന്‍ നേട്ടങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കെ.പി. ജയരാജന്‍,
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, കണ്ണൂര്‍