നീരയെ അറിയാം Mathrubhumi Agriculture

Posted on: 25 Aug 2013

ഏറെ കാലത്തെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം നാളികേരകര്‍ഷകര്‍ക്ക് പ്രതീക്ഷകളുമായി നീര വരികയാണ്.സംസ്ഥാനത്ത് പുതുമുഖമായതുകൊണ്ട് നീരയെ പരിചയപ്പെടാം:

കള്ള് ഉണ്ടാക്കാനായി തെങ്ങിന്‍പൂക്കുല ചെത്തിയെടുക്കുന്ന പൂക്കുലസത്ത് തന്നെയാണ് നീര. എന്നാല്‍, പുളിക്കാനനുവദിക്കാതെ നീര സംസ്‌കരിക്കേണ്ടതുകൊണ്ട് കൂടുതല്‍ ശ്രദ്ധയും വൈദഗ്ധ്യവും ചെത്തുന്നവര്‍ക്ക് വേണം.

ഉപഭോക്താവിന്റെ കൈകളിലെത്തുന്നത് സംസ്‌കരിക്കപ്പെട്ട നീരയാണ്, യഥാര്‍ഥ നീരയല്ല. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന നീരപാനീയം ‘കേരാമൃതം’ എന്നാണ് അറിയപ്പെടുന്നത്.

നീരയില്‍നിന്ന് ഉത്പാദിപ്പിക്കാവുന്ന ചക്കര, പഞ്ചസാര മുതലായവയ്‌ക്കൊക്കെ വിപണിയില്‍ വന്‍ പ്രിയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു തെങ്ങില്‍നിന്ന് ഒരു ദിവസം രണ്ടുലിറ്റര്‍ നീര ലഭിക്കും. എന്നാല്‍, നല്ല പരിചരണം ലഭിക്കുന്ന ആരോഗ്യമുള്ള തെങ്ങില്‍നിന്ന് അഞ്ചുലിറ്റര്‍ വരെ നീര ലഭിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

നീര എടുക്കുന്ന ഒരു തെങ്ങ് വര്‍ഷത്തില്‍ 1200 രൂപയിലധികം അറ്റാദായം നല്‍കും.

നീര എടുക്കുന്ന തെങ്ങില്‍ പിന്നീട് നാളികേര ഉത്പാദനവര്‍ധനയുണ്ടാകുമെന്ന് പഠനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതില്‍ ആല്‍ക്കഹോളിന്റെ അളവ് തീരേയില്ല. എന്നാല്‍, ശേഖരിച്ച് കഴിഞ്ഞതുമുതല്‍ പുളിക്കാന്‍ തുടങ്ങും. അതുകൊണ്ട് നീര ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉത്പാദനവും സംസ്‌കരണവും കര്‍ശനമായ നിയമമേല്‍നോട്ടത്തിലായിരിക്കും.

സംസ്‌കരിച്ച നീര ഒരു വര്‍ഷത്തോളം കേടുകൂടാതെ സൂക്ഷിച്ചുവെക്കാന്‍ സാധിക്കും.

ജലസേചനമുള്ള തെങ്ങുകളില്‍ കൂടുതല്‍ നീര ലഭിക്കും. വരള്‍ച്ചാമാസങ്ങളില്‍ കുറയും.

കുള്ളന്‍ ഇനങ്ങളേക്കാള്‍ നെടിയ ഇനങ്ങളില്‍നിന്ന് കൂടുതല്‍ നീര ലഭിക്കും. എന്നാല്‍, തെങ്ങിന്റെ അധികോത്പാദനശേഷിയും കുറഞ്ഞ പ്രായവും നല്ല പരിചരണവും കൂടുതല്‍ നീര ലഭ്യമാക്കും.

ഒരു മാസംകൊണ്ട് ഒരു പൂക്കുലയില്‍നിന്ന് 50 ലിറ്റര്‍ നീര ലഭിക്കുമെന്ന് കണക്കാക്കിയിട്ടുണ്ട്.

നാളികേര കര്‍ഷകരുടെ കൂട്ടായ്മകള്‍ക്ക് നീരയുടെ ഉത്പാദനത്തിലും സംസ്‌കരണത്തിലും വിപണനത്തിലും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.

ഐസ്‌ക്രീം, ബിസ്‌കറ്റ്, ചോക്കലേറ്റ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങളും നീരയില്‍നിന്ന് ഉത്പാദിപ്പിക്കാം.

ലഹരി തീരേയില്ലാത്ത ഈ സമ്പൂര്‍ണ ആരോഗ്യപാനീയം കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തിനും വന്‍ നേട്ടങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കെ.പി. ജയരാജന്‍,
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, കണ്ണൂര്‍

പ്രകൃതിവാതക പൈപ്പ് ലൈന്‍ മലബാറിനെ തൊടില്ല

 
gas-pipeline

കാസര്‍കോട്: ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വിട. കാസര്‍കോട് ജില്ലക്കാര്‍ക്ക് സമാശ്വസിക്കാം. ഉത്തരകേളത്തിന്റെ വ്യവസായ വികസനത്തിന് ഏറെ കരുത്ത് പകരാനുതകുന്ന കൊച്ചി-മംഗലാപുരം പ്രകൃതിവാതക ലൈന്‍ പദ്ധതി കാസര്‍കോട് ജില്ലയില്‍ കടക്കില്ല. പ്രകൃതിവാതകം കൊണ്ടുപോകുന്ന പൈപ്പ് ലൈനുകള്‍ സുരക്ഷിതമല്ലെന്ന ആശങ്കമൂലം കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള വലിയ വിഭാഗം പ്രതിഷേധവും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയതോടെ കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെ പ്രകൃതിവാതക വിതരണത്തിന്റെ ഗ്രിഡില്‍ നിന്നും പുറത്താക്കാന്‍ അധികൃതര്‍ ഏതാണ്ട് തീരുമാനിച്ചു.

കൊച്ചിയില്‍ നിന്ന് മംഗലാപുരം വരെ 505 കിലോമീറ്റര്‍ ദൂരത്തില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്(ഗെയില്‍) സ്ഥാപിക്കുന്ന പൈപ്പ് ലൈന്‍ കടന്നുപോകുന്നതിന് ഈ ജില്ലകളിലെ പ്രദേശങ്ങള്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. പക്ഷെ എതിര്‍പ്പ് രൂക്ഷമായതിനെത്തുടര്‍ന്ന് മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ ഗെയില്‍ അധികൃതര്‍ ഒരുങ്ങുകയായിരുന്നു. പ്രതിഷേധംമൂലം ഈ മേഖലയില്‍ അഞ്ചു ശതമാനം പോലും ജോലികള്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.

എതിര്‍പ്പുകള്‍ കണക്കിലെടുത്ത് മലപ്പുറം ജില്ലയിലെ കൂറ്റനാടുനിന്ന് പൈപ്പ് ലൈന്‍ പാലക്കാട്, കോയമ്പത്തൂര്‍ വഴി ബാംഗ്ലൂരിലേക്കും അവിടെ നിന്ന് മംഗലാപുരത്തേക്കും കൊണ്ടുപോകാനാണ് ഇപ്പോഴത്തെ ആലോചന. ഇതോടെ കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ ഈ ഗ്രിഡില്‍ നിന്നും പുറത്താകും. അടുത്ത മാര്‍ച്ചില്‍ പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കായംകുളത്തെ എന്‍ടിപിസി യിലേക്ക് കടല്‍ വഴി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കരാറായിട്ടില്ല.

കേരളത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ഈ പ്രകൃതി വാതക വിതരണ ശൃംഖലയുടെ ആദ്യഘട്ടം സജ്ജമായിക്കഴിഞ്ഞു. കൊച്ചി പുതുവൈപ്പില്‍ പെട്രോനെറ്റ് എല്‍.എന്‍.ജി. നിര്‍മിക്കുന്ന 50 ലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള ടെര്‍മിനലില്‍ നിന്ന് വ്യവസായ സ്ഥാപനങ്ങള്‍ക്കും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും പ്രകൃതിവാതകം ലഭ്യമാക്കുന്നതിനാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത്.

ഗെയിലിന്റെ പൈപ്പ് ലൈനിലൂടെ കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ദ്രവീകൃത പ്രകൃതി വാതകം ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്കെല്ലാം പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനാകും. പരിസ്ഥിതി സൗഹൃദ ഇന്ധനമാണിത്. വെള്ളവും വെളിച്ചവും എത്തുന്നതുപോലെ പാചകവാതകം നേരിട്ട് വീടുകളിലെത്തിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

എല്‍എന്‍ജി ബോംബ് പോലെ പൊട്ടുമെന്നും ഏറ്റെടുക്കുന്ന ഭൂമിയില്‍ കൃഷി ചെയ്യാനാവില്ലെന്നുമുള്ള അഭ്യൂഹങ്ങളാണ് പൈപ്പ് ലൈനിന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരു കാരണം. എന്നാല്‍ എല്‍എന്‍ജി പൈപ്പ് ലൈന്‍ തികച്ചും സുരക്ഷിതമാണെന്ന് ഗെയില്‍ അധികൃതര്‍ പറയുന്നു. മണ്ണിനടിയില്‍ ഒരു മീറ്റര്‍ വരെ താഴ്ചയിലാണ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത്. പൈപ്പ് ലൈന്‍ ഇട്ടതിനു ശേഷവും കൃഷി നടത്താന്‍ യാതൊരു തടസവുമില്ല. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ പൈപ്പ്‌ലൈനിനായി മുപ്പത് മീറ്ററാണ് ഏറ്റെടുക്കുന്നതെങ്കിലും കേരളത്തിലിത് ഇരുപതു മീറ്ററായി കുറച്ചിട്ടുണ്ട്. സ്ഥലത്തിന്റെ ഉപയോഗാവകാശം മാത്രമാണ് ഗെയില്‍ ഏറ്റെടുക്കുക. സ്ഥലത്തിന്റെ അധികാരവും ക്രയവിക്രയ സ്വാതന്ത്ര്യവും ഉടമസ്ഥനു തന്നെയാവും.