വാതക പൈപ്പ്ലൈന് സ്വകാര്യ കുത്തകകള്‍ക്ക് വേണ്ടിയെന്ന്
Published on Sun, 01/20/2013 മാധ്യമം
കോഴിക്കോട്: നിര്‍ദിഷ്ട കൊച്ചി–മംഗലാപുരം ഗ്യാസ് പൈപ്പ്ലൈന് പദ്ധതിയില്‍ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ച് നടത്തി.
മാര്‍ച്ചും ധര്‍ണയും സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്തു. സ്വകാര്യ കുത്തക കമ്പനികള്‍ക്ക് വേണ്ടിയുള്ളതാണ് വാതക പൈപ്പ്ലൈന് പദ്ധതിയെന്നും ജനങ്ങളുടെ ആശങ്കകള്‍ അവഗണിച്ച് മുന്നോട്ടുപോയാല്‍ ശക്തമായ ജനകീയ സമരം സര്‍ക്കാറിന് നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വിക്ടിംസ് ഫോറം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. കണ്‍വീനര്‍ റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.സി. അബു, പി. ശാദുലി, അഡ്വ. ടി. സിദ്ദീഖ്, പി. രഘുനാഥ്, വി. കുഞ്ഞാലി, ടി.കെ. മാധവന്, സാലിം അഴിയൂര്‍, സി.എച്ച്. ഹമീദ്, എം.സി. സുബ്ഹാന് ബാബ, വിക്ടിംസ് ഫോറം നേതാക്കളായ അഡ്വ. നാരായണന് നമ്പീശന്, ഹരീഷ് കടവത്തൂര്‍, സുബ്രഹ്മണ്യന്, എ. ഗോപാലന്, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഷൈനാസ് ചാലൂളി, അഡ്വ. പ്രദീപന് എന്നിവര്‍ സംസാരിച്ചു. വിക്ടിംസ് ഫോറം ജില്ലാ സെക്രട്ടറി കെ.സി. അന്‍വര്‍ സ്വാഗതവും ഷിഹാബുദ്ദീന് മാട്ടുമുറി നന്ദിയും പറഞ്ഞു.
എല്‍എന്‍ജി പൈപ്പ്ലൈന്: സ്ഥലമെടുപ്പ് വേഗത്തിലാക്കും
Posted on: 14-Jan-2013 11:25 PM ദേശാഭിമാനി
കൊച്ചി: കൊച്ചിയില്‍നിന്ന് മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കും നീളുന്ന രണ്ടാംഘട്ട എല്‍എന്‍ജി പൈപ്പ്ലൈന് സ്ഥാപിക്കുന്നതിന് സ്ഥലമെടുപ്പ് വേഗത്തിലാക്കും. മാര്‍ച്ചോടെ പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുമെങ്കിലും രണ്ടാംഘട്ട പൈപ്പ്ലൈന് സ്ഥാപിക്കല്‍ എങ്ങുമെത്തിയിട്ടില്ല. സ്ഥലമേറ്റെടുക്കുന്നതിലെ തടസ്സംനീക്കി നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് കെ എം ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച കലക്ടര്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സിങ് നടക്കും. തമിഴ്നാട്ടിലേക്കും കര്‍ണാടകത്തിലേക്കും നീളുന്ന 879 കിലോമീറ്റര്‍ പൈപ്പ്ലൈനാണ് രണ്ടാംഘട്ടമായി സ്ഥാപിക്കേണ്ടത്. സംസ്ഥാനത്തെ ഏഴു ജില്ലകളിലൂടെ 501 കിലോമീറ്റര്‍ നീളുന്ന പൈപ്പ്ലൈന് തമിഴ്നാട്ടില്‍ 312 കിലോമീറ്ററും കര്‍ണാടകയില്‍ 66 കിലോമീറ്ററും നീളത്തിലാണ് സ്ഥാപിക്കുക. ആദ്യഘട്ടമായി എറണാകുളം ജില്ലയില്‍ പുതുവൈപ്പ്മുതല് ഉദ്യോഗമണ്ഡല്വരെ 43 കിലോമീറ്റര്‍ ലൈന്‍ പൂര്‍ത്തിയാക്കിയിരുന്നു. എറണാകുളം ജില്ലയില്‍ 15 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിക്കുന്ന രണ്ടാംഘട്ട പൈപ്പ്ലൈന് തൃശൂര്‍ (76 കിലോമീറ്റര്‍), പാലക്കാട് (105), മലപ്പുറം(68), കോഴിക്കോട് (73), കണ്ണൂര്‍ (83), കാസര്‍കോട് (81) എന്നീ ജില്ലകളിലൂടെ കടന്നുപോകും. പാലക്കാട് ജില്ലയിലെ കൂറ്റനാടുനിന്നാണ് പൈപ്പ് ലൈന്‍ മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കും തിരിയുക. ബംഗളൂരുവിലേക്കു തമിഴ്നാട്ടിലൂടെയാണ് പൈപ്പ് സ്ഥാപിക്കുന്നത്. പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ എല്ലാ ജില്ലകളിലും എതിര്‍പ്പ് ശക്തമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ എതിര്‍പ്പ്. അപകടസാധ്യതയില്ലാത്ത പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണകൊണ്ടാണ് ജനങ്ങള്‍ എതിര്‍ക്കുന്നതെന്നാണ് പൈപ്പ്ലൈന് സ്ഥാപിക്കുന്ന ഗെയിലിന്റെ ഡിജിഎം കെ പി രമേഷ് പറയുന്നത്. പെട്രോളിയം ആന്‍ഡ് മിനറല്‍സ് ആക്ട് പ്രകാരം നഷ്ടപരിഹാരം നല്‍കിയാണ് പൈപ്പ് സ്ഥാപിക്കാനുള്ള സ്വകാര്യഭൂമി ഏറ്റെടുക്കുന്നത്. ആദ്യം 20 മീറ്റര്‍ വീതിയിലാണ് സ്ഥലമേറ്റെടുക്കാനിരുന്നത്. സംസ്ഥാനത്തെ സ്ഥലദൗര്‍ലഭ്യം പരിഗണിച്ച് ഇത് 10 മീറ്ററായി കുറച്ചു. രണ്ടു മീറ്റര്‍ ആഴത്തില്‍ പൈപ്പിടുന്ന സ്ഥലം വില്‍ക്കാനോ കൃഷിയുംമറ്റും തുടര്‍ന്നു നടത്താനോ തടസ്സമില്ല. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ 60 ശതമാനവും കൃഷിഭൂമിയാണ്. ചൊവ്വാഴ്ചത്തെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഓരോ ജില്ലയിലെയും പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിച്ച് പൈപ്പിടല്‍ വേഗത്തിലാക്കാനുള്ള തീരുമാനമുണ്ടാകുമെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് കെ എം ചന്ദ്രശേഖര്‍ “ദേശാഭിമാനി“യോട് പറഞ്ഞു. മാര്‍ച്ചോടെ പദ്ധതി കമീഷന് ചെയ്യാന്‍ തീരുമാനിച്ചിരിക്കെ പൈപ്പിടല്‍ ഏറ്റവുംവേഗത്തില്‍ പൂര്‍ത്തിയാക്കണം. ആലപ്പുഴയിലൂടെ കായംകുളം എന്ടിപിസിയിലേക്കു നീളുന്ന ലൈന്‍ മൂന്നാംഘട്ടത്തിലാണ് തീരുക. പുതുവൈപ്പ് ടെര്‍മിനലില്‍ എല്‍എന്‍ജി സ്വീകരിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. 50 ലക്ഷം ടണ്‍ ശേഷിയുള്ള ടാങ്കുകളില്‍ എല്‍എന്‍ജി സംഭരിക്കാനുള്ള ക്രമീകരണങ്ങള്‍ ജപ്പാനിലെ ഐഎച്ച്ഐ കോര്‍പറേഷനാണ് ചെയ്യുന്നത്. ടാങ്ക് തണുപ്പിക്കുന്നതിനു മുന്നോടിയായി നൈട്രജന്‍ നിറച്ചിരിക്കുകയാണിപ്പോള്‍.
വാതക പൈപ്പ്ലൈന്: സ്ഥലം 10 മീറ്റര്‍ വീതിയില്‍, 30% വില ഉടമയ്ക്കു നല്‍കും
മനോരമഓണ്‍ലൈന്‍ 27-12-2012
തിരുവനന്തപുരം• ഗെയിലിന്റെ വാതക പൈപ്പ്ലൈന് സ്ഥാപിക്കാന്‍ സ്ഥലമെടുക്കുന്പോള് അതിന്റെ ന്യായവിലയുടെ 30% തുക ഉടമയ്ക്കു നല്കാന് മന്ത്രിസഭ തീരുമാനിച്ചു. ഈ സ്ഥലത്ത് ഉടമയ്ക്കു കൃഷിയും മറ്റും ചെയ്യാം. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വീതി 20 മീറ്ററില്‍ നിന്നു 10 മീറ്ററായി കുറച്ചു. ന്യായവിലയുടെ 10% മാത്രം ഉടമയ്ക്കു നല്‍കുക എന്നതാണു ദേശീയതലത്തില്‍ ഗെയില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് എന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. ഉടമയുടെ കൈവശം തന്നെയായിരിക്കും സ്ഥലം. അവിടെ കെട്ടിടം നിര്മിക്കുന്നതൊഴികെ എന്തും ഉടമയ്ക്കു ചെയ്യാം. എന്നാല്‍ 10% തുക കേരളത്തിലെ സാഹചര്യത്തില്‍ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണു തുക മൂന്നിരട്ടിയാക്കാന്‍ അവര്‍ തീരുമാനിച്ചത്. കൂടുതല്‍ സ്ഥലം എടുക്കുന്നുവെന്ന പരാതി ഒഴിവാക്കാനാണു 10 മീറ്റര്‍ വീതിയില്‍ മാത്രം സ്ഥലം എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതോടെ പൈപ്പ്ലൈന് സ്ഥാപിക്കല്‍ ജോലികള്‍ വേഗത്തിലാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്റ്റീല്‍ കോംപ്ളക്സ് ലിമിറ്റഡ്– സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ സംയുക്ത സംരംഭം തുടങ്ങുന്നതിനു മുന്നോടിയായി സ്റ്റീല്‍ കോംപ്ളക്സിന്റെ കടബാധ്യത തീര്‍ക്കാന്‍ 11.83 കോടി രൂപ അനുവദിച്ചു. രണ്ടു മാസം മുന്‍പു സെയില്‍ ചെയര്മാന് ഇവിടെ വന്ന് ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്റ്റീല്‍ കോംപ്ളക്സിന്റെ കടബാധ്യത തീര്‍ക്കണമെന്നതാണ് അവര്‍ വച്ച ഒരു വ്യവസ്ഥ. അത് അംഗീകരിച്ചാണു കടം വീട്ടുന്നത്.
ഗെയില്‍ വാതക പൈപ്പ്ലൈന് വിചാരണയ്ക്കിടെ സംഘര്‍ഷം; 46പേര് അറസ്റ്റില്‍
Posted on: 17-Nov-2012 11:52 PM ദേശാഭിമാനി
പാലക്കാട്: ഗെയില്‍ കൊച്ചി–മംഗളൂരു–ബംഗളൂരു വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവരുടെ അഭിപ്രായമറിയാന്‍ പാലക്കാട് ആര്‍ഡിഒ ഓഫീസില്‍ വിളിച്ചുചേര്‍ത്ത വിചാരണ സംഘര്‍ഷത്തില്‍ കലാശിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെ വിചാരണയ്ക്കെത്തിയ 46പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 10ന് പാലക്കാട് ആര്‍ഡിഒ ഓഫീസിലാണ് വിചാരണ തീരുമാനിച്ചത്. 48പേര് എത്തുകയും ചെയ്തു. എന്നാല്‍, വിചാരണയ്ക്കെത്തിയ, സര്‍ക്കാര്‍ നിയോഗിച്ച ഡെപ്യൂട്ടികലക്ടര്‍ 10.45 ന് വിചാരണ നടത്താതെ പുറത്തേക്കു പോയി. ഇതില്‍ പ്രതിഷേധിച്ച് ഭൂമി നഷ്ടപെടുന്നവര്‍ വിചാരണ ഉദ്യോഗസ്ഥനായ റിട്ടയേര്‍ഡ് തഹസില്‍ദാറെ തടഞ്ഞുവച്ചു. തുടര്‍ന്നെത്തിയ പൊലീസ്സംഘം പ്രതിഷേധക്കാരെ അറസ്റ്റ്ചെയ്ത് നീക്കി. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയവര്‍ ഗെയില്‍ ഗ്യാസ് വിക്ടിംസ് ഫോറത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലെത്തി ഡെപ്യൂട്ടി കലക്ടര്‍ അപമാനിച്ചതായി കാട്ടി എഡിഎമ്മിന് പരാതി നല്കി. ജനവാസകേന്ദ്രങ്ങളില്‍ വാതക പൈപ്പ്ലൈന് വേണ്ടെന്ന് ആവശ്യപ്പെടുന്ന ബോര്‍ഡുകളുമായാണ് ഇരകള്‍ വിചാരണയ്ക്കെത്തിയത്. സെപ്തംബര്‍ നാലിന് നടത്താന്‍ തീരുമാനിച്ചിരുന്ന വിചാരണയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയില്‍)യെയാണ് വാതക പൈപ്പ്ലൈന് സ്ഥാപിക്കാന്‍ ചുമതലപ്പടുത്തിയിരിക്കുന്നത്. എന്നാല്‍, ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഗെയിലിന്റെ നടപടിക്കെതിരെ വിക്ടിംസ്ഫോറത്തിന്റെ നേതൃത്വത്തില്‍ ഏറെ നാളായി പ്രതിഷേധമുയരുകയാണ്. ജില്ലയില്‍ ചാലിശേരി മുതല്‍ വാളയാര്‍വരെയുള്ള ഭാഗങ്ങളിലൂടെയാണ് പൈപ്പ്ലൈന് കടന്നുപോകുന്നത്. ജനവാസകേന്ദ്രങ്ങളിലൂടെ പോകുമ്പോഴുള്ള സുരക്ഷാക്രമീകരണങ്ങളൊന്നും പാലിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായുണ്ട്. പൈപ്പ്ലൈന് കടന്നുപോകുന്ന പുതുശേരി പഞ്ചായത്തില്‍മാത്രം 5,000ഏക്കര്‍ കൃഷിഭൂമി നശിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മാത്രമല്ല, പൈപ്പ്ലൈന്‍പദ്ധതി ക്രമേണ സ്വകാര്യകുത്തകകള്‍ക്ക് കൈമാറാനും വ്യവസ്ഥയുണ്ട്.
ടെക്സസില്‍ ഗ്യാസ് പൈപ്പ്ലൈന് പൊട്ടിത്തെറിച്ച് 26 പേര് കൊല്ലപ്പെട്ടു
Story Dated: Wednesday, September 19, 2012 04:15 മംഗളം
മെക്കാലന്‍: ടെക്സസ് സംസ്ഥാന അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പിമിക്സ് പ്ലാന്റില്‍ ഗ്യാസ് പൈപ്പ്ലൈന് പൊട്ടിത്തെറിച്ച് 26 പേര് മരിക്കുകയും 51 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
സെപ്റ്റംബര്‍ 18 ചൊവ്വാഴ്ച രാവിലെ 10.45 ന് റെയ്നോസ മോണ്ടോറി ഹൈവേയില്‍ 12 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. പ്ലാന്റിലെ 4 ജീവനക്കാരും 22 കോണ്‍ട്രാക്ടറുമാണ് പൊട്ടിത്തെറിയില്‍ മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റവരെ റെയ് നോസ്സെക്കു സമീപമുള്ള അഞ്ച് ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിയോടെ കത്തിപ്പടര്‍ന്ന തീ നിയന്ത്രിക്കാന്‍ കഴിഞ്ഞതായി അഗ്നിസേനാംഗങ്ങള്‍ പറഞ്ഞു. പൊട്ടിത്തെറിക്കുവാനുണ്ടായ കാരണങ്ങളെക്കുറിച്ച് അനേ്വഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വാര്‍ത്ത അയച്ചത്: പി.പി. ചെറിയാന്
ഗ്യാസ് പൈപ്പ്ലൈന് വിരുദ്ധ സമരം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
June 6th, 2012
റസാഖ് പാലേരി
ഭരണകൂടം എപ്പോഴും ഉപയോഗിക്കുന്ന ഒരു താന്ത്രിക വാക്കാണ് വികസനം. ജനോപകാരപ്രദമായ പദ്ധതികള്‍ ജനവിരുദ്ധമാക്കാനും കോര്‍പ്പറേറ്റ് താല്പര്യങ്ങള് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും ഭരണകൂടം സ്ഥിരമായി ഉപയോഗിക്കുന്ന പദമായിത്തീര്‍ന്നിരിക്കുന്നു വികസനം. കേരളത്തില്‍ സര്‍ക്കാര്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള വിവിധ പദ്ധതികളും അവയുടെ നിര്‍വ്വഹണരീതികളും ഈ വികസന രൗദ്രതയെ പ്രതിനിധീകരിക്കുന്നതായിത്തീര്‍ന്നിരിക്കുന്നു. ഊര്‍ജ്ജ മേഖലയില്‍ വലിയ പ്രയോജനം സിദ്ധിക്കുന്നതും പരിസ്ഥിതിക്ക് ദോഷം കുറഞ്ഞതുമായ പ്രകൃതി വാതക പദ്ധതിയും പ്രയോഗവത്കരണത്തിലെ അശാസ്ത്രീയതയും ജനവിരുദ്ധ സമീപനങ്ങളും നിമിത്തം ജനരോഷത്തിന് തീര്‍ന്നിരിക്കുകയാണ്.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ മംഗലാപുരം ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് ലിക്വിഡ് നാച്വറല്‍ ഗ്യാസ് (LNG) എത്തിക്കുന്നതിനുവേണ്ടി 2007-ല്‍ കേരള വ്യവസായ വികസന കോര്പ്പറേഷന് (KSIDC)- കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഗ്യാസ് പൈപ്പ്ലൈന് പദ്ധതി നടപ്പില്‍ വരുന്നത്. പദ്ധതിയുടെ കരാറിന്് മുമ്പുതന്നെ സാറ്റ്ലൈറ്റ് സര്‍വ്വേ വഴി കൊച്ചിയിലെ പുതുവൈപ്പിനിലെ LNG ടെര്‍മിനലില്‍ നിന്ന് ആരംഭിച്ച് തൃശൂര്‍ ജില്ലയിലൂടെ പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി വളയാര്‍, കൊയമ്പത്തൂര് വഴി ബാംഗ്ലൂരിലേക്കും കൂറ്റനാട് നിന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലയിലൂടെ മംഗലാപുരത്തേക്കും അലൈന്മെന്റ് തയ്യാറാക്കിയിരുന്നു. പ്രഥമഘട്ടത്തില്‍ 3700 കോടിരൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതി 1114 കിലോമീറ്റര്‍ പൈപ്പ്ലൈനാണ് സ്ഥാപിക്കാന്‍ പോകുന്നത്.
പദ്ധതി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍
24 ഇഞ്ച് വീതിയുള്ള പൈപ്പുകള്‍ മൂന്ന് മീറ്റര്‍ വരെ ആഴത്തില്‍ സ്ഥാപിക്കുന്നതിനുവേണ്ടി 20 മീറ്റര്‍ ഭൂമിയാണ് ഏറ്റെടുക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഏകജാലക സംവിധാനം വഴി അംഗീകരം നല്കിയ പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നത് 1962-ലെ പെട്രോളിയം ആന്റ് മിനറല്‍സ് പൈപ്പ്ലൈന് അക്വിസേഷന്‍ ഓഫ് യൂസ് ഇന്‍ ലാന്റ് ആക്ട് (PMP Act 1962) പ്രകാരമാണ്. മറ്റ് ഭൂമി ഏറ്റടുക്കല്‍ നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൈവശാവകാശം ഉടമയിലും ഉപയോഗാധികാരം കമ്പനിയിലും നിഷ്പതമാക്കുന്നതാണ് ഈ ആക്റ്റ്. അതായത് ഗ്യാസ് പൈപ്പ്ലൈന് കൊണ്ടുപോകുന്നതിന് 20 മീറ്റര്‍ വീതിയില്‍ ഭൂമിയുടെ ഉപയോഗ അവകാശം കമ്പനിക്കു വിട്ടുനല്‍കണം. അതിനു പ്രതിഫലമായി ആധാരവിലയുടെ പത്തുശതമാനം നല്‍കും. ഭൂമിക്കടിയിലൂടെ പൈപ്പ്ലൈന് കടന്നുപോയാലും ഉടമസ്ഥന് ഭൂമിയുടെ ഉടമാവകാശം നഷ്ടപ്പെടില്ല. പക്ഷെ, ആ ഭൂമിയില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കുവാനോ കുഴിയെടുക്കാനോ മതിലുകള്‍ നിര്‍മിക്കുവാനോ വേര് ആഴ്ന്നിറങ്ങുന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കുവാനോ പാടില്ല. വേരിറങ്ങാത്ത ചീരകൃഷിക്കും പച്ചക്കറി കൃഷിക്കും അതുപയോഗപ്പെട്ടേക്കാം.
ഉടമസ്ഥര്‍ക്ക് നികുതിയടച്ച്് ഭൂമി തുടര്‍ന്നും കൈവശം വെക്കാം. പക്ഷെ, ഈ 20 മീറ്ററിന്റെ ഉപയോഗവകാശം എന്നും അധികൃതരുടെ കൈകളിലായിരിക്കും. ഈ ഭൂമിയിലൂടെ കടന്നുപോകുന്ന പൈപ്പുകള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വവും സ്ഥല ഉടമസ്ഥര്‍ക്കായിരിക്കുമെന്ന് ഈ ആക്റ്റ് അനുസരിച്ച് മുന്‍പ് പ്രെട്രോളിയം പൈപ്പ്ലൈന് കടന്നുപോയ മംഗലാപുരത്തെ ഇരകള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 24 ഇഞ്ച് വീതിയുള്ള പൈപ്പ്ലൈന് സ്ഥാപിക്കാന്‍ എന്തിനാണ് 20 മീറ്റര്‍ ഭൂമി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇപ്പോഴും അധികൃതര്‍ നല്‍കിയിട്ടില്ല. ഇപ്പോള്‍ ഗൈലിന്റെ (ഗ്യാസ് അതോറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) പൈപ്പ്ലൈനിനും ഭാവിയില്‍ റിലയന്‍സ് ഉള്‍പ്പെടെ പല സ്വകാര്യ കമ്പനികളുടേയും വാണിജ്യ ആവശ്യത്തിനും വേണ്ടിയാണ് 20 മീറ്റര്‍ എടുക്കുന്നത് എന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് വ്യക്തമാകുന്നത്. സുരക്ഷാ പരിശോധനക്കും മറ്റുമായി കമ്പനിയുടെ വാഹനങ്ങള്‍ പോകുവാനാണ് ഇത്രയും വീതി എന്ന ഔദ്യോഗിക ഭാഷ്യം പറയുന്നവരോട് വാഹനം പോകാന്‍ മൂന്നര മീറ്ററില്‍ കൂടുതല്‍ വേണ്ടതില്ലല്ലോ എന്ന ചോദ്യത്തിന് മൗനമാണ് മറുപടി.
കേരളത്തില്‍ 914 കി.മി നീളവും 20 മീറ്റര്‍ വീതിയിലും പദ്ധതി പ്രായോഗികമാകുമ്പോള്‍ 4562 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. ഇതിനുപുറമെ പദ്ധതി ഭൂമിയില്‍ നിന്ന് മൂന്ന് മീറ്റര്‍ വീതം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാന്‍ പാസാക്കുകയുള്ളൂ എന്ന കെട്ടിട നിര്‍മാണ നിയമം കൂടി പ്രയോഗവല്‍ക്കരിച്ചാല്‍ വീണ്ടും 6 മീറ്റര്‍ കൂടി ഫ്രീസ് ചെയ്യപ്പെടും. നിലവിലെ സര്‍വ്വേ പ്രകാരം 693 കി.മി കൃഷി ഭൂമി ഉള്‍പ്പെടുന്ന പുരയിടവും 119 കി.മി ജനവാസ മേഖലയോട് ചേര്‍ന്ന പുറംപോക്ക് ഭൂമിയും 71 കി.മി മറ്റു കെട്ടിടങ്ങളുള്ള ഭൂമിയും 23 കി.മി വെള്ളകെട്ടുകളും 87 നിബിഢവനവും 5 കി.മി സാധാരാണ ഭൂമിയും ഉള്‍പ്പെടുന്നു. ഇവക്കുപുറമെ 24 ജംഗ്ഷനുകള്‍ പദ്ധതി രൂപരേഖയില്‍ കാണുന്നുണ്ട്. ഇവിടങ്ങളില്‍ 50 സെന്റ് മുതല്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും.
PMP Act ( THE PETROLEUM AND MINERALS PIPELINES ACT) പ്രകാരം ഏറ്റടുക്കുന്ന ഭൂമിക്ക് ആധാര വിലയുടെ പത്തുശതമാനം മാത്രമേ നഷ്ടപരിഹാര തുകയായി നല്കാന് കഴയൂ. അത്തരമൊരു വ്യവസ്ഥയുടെ കാരണം സുരക്ഷിതത്വം നിലനിര്‍ത്താന്‍ ജനവാസമില്ലാത്ത ഭൂമിയിലൂടെ മാത്രമേ പൈപ്പ് ഇടാന്‍ പാടുള്ളൂ എന്നതാണ്. ജനവാസത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത ഭൂമി ഉടമ വികസനത്തിന് നല്‍കുന്നതിനുള്ള പാരിതോഷികമായാണ് പത്ത് ശതമാനത്തെ യാഥാര്‍ഥത്തില്‍ ആക്റ്റ് വിഭാവനം ചെയ്തിട്ടുള്ളത്. ആക്ടിലെ സെക്ഷന്‍ 3-ലെ എ, ബി, സി എന്നീ അനുഛേദന പ്രകാരം പാര്‍പ്പിടത്തിനായി ഉപയോഗിക്കുന്നതോ, സ്ഥിരമായ മറ്റു കെട്ടിടങ്ങളുള്ളതോ, ഭാവിയില്‍ ജനവാസമേഖലയാകാന്‍ സാധ്യതയുള്ളതോ, ജനങ്ങള്‍ ഒരുമിച്ച് കൂടാന്‍ സാധ്യതയുള്ളതോ (വിനോദം, ഉത്സവം തുടങ്ങിയവക്ക്) ആയ ഭൂമേഖലകള്‍ ഇതില്‍നിന്ന് ഒഴിവാക്കപ്പെടേണ്ടതാണ്.
സ്കൂളുകള്‍ പൊതുസ്ഥാപനങ്ങള്‍ അങ്ങാടികള്‍ എന്നിവയുടെ ചാരത്തുകൂടെ പൈപ്പ്ലൈന് കടന്ന് പോകുന്നതിന് നിയമത്തില്‍ വിലക്കുണ്ട്. എന്നാല്‍ നിലവില്‍ ഇവിടെ രൂപപ്പെടുത്തിയ അലൈന്മെന്റുകള് ജനനിബിഢ മേഖലയിലൂടെയാണ് ഭൂരിഭാഗവും കടന്ന് പോകുന്നത്. നിയമത്തിലെ അക്ഷരങ്ങളെ മറികടക്കാന്‍ കെട്ടിടങ്ങളുടെ സമീപത്തുനിന്നും വളച്ച് പൈപ്പ്ലൈന് കൊണ്ടുപോകും വിധമുള്ള രൂപരേഖയാണ് അധികൃതര്‍ തയ്യാറാക്കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്ര കര്‍ശനമായ നിര്‍ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കുന്നതിനുള്ള കാരണം ജനങ്ങളുടെ ജീവിത സുരക്ഷിതത്വത്തെ മുന്നില്‍ കണ്ടാണ്. ഈ വകുപ്പുകളുടെ വെളിച്ചത്തില്‍ ലോകതലത്തില്‍ തന്നെ ഇത്തരം പദ്ധതികള്‍ക്കുവേണ്ടിയുണ്ടാക്കിയ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വിവിധ രാജ്യങ്ങളിലുണ്ടായ ഗ്യാസ്പൈപ്പ് ലൈന്‍ അപകടങ്ങള്‍ ഈ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സന്ദേശമാണ് സര്‍ക്കാറുകള്‍ക്ക് നല്‍കുന്നത്. കേരളത്തില്‍ തന്നെ സ്മാര്‍ട്ട്സിറ്റി കമ്പനിയുടെ നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് തന്നെ LNG പൈപ്പ് ലൈന്‍ അതിന്റെ സമീപത്തുകൂടി കടന്നുപോകുന്നുണ്ടെന്നറിഞ്ഞ അധികൃതര്‍ മുഖ്യമന്ത്രിയോട് അലൈന്മെന്റ് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.
വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് പസിദ്ധീകരിക്കാനോ പരിസ്ഥിതി ആഘാതം പഠനം നടത്താനോ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. സുരക്ഷാ കാരണങ്ങളാല്‍ പൈപ്പ് ഇടുന്നതിനുവേണ്ടിയുള്ള ഭൂമിക്ക് വിജനമായ തരിശിടങ്ങളാണ് ഉപയോഗിക്കാറുള്ളത്. 2010-ല്‍ മാത്രം 580 പൈപ്പ്ലൈന് അപകട സംഭവങ്ങള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 220 പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും 109 പേര്‍ക്ക് അപകടം പറ്റുകയും 5000 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലും പൈപ്പ്ലൈന് വ്യവസായങ്ങള്‍ക്ക് സുരക്ഷയുടെ നല്ല ചരിത്രമല്ല പറയാനുള്ളത്. മഗ്ദല്ലയിലെ ഹസീറില്‍ ഛചഏഇ പൈപ്പ്ലൈന് സ്ഫോടനം (2009 ഏപ്രില്‍ 27), 2010 നവംബര്‍ 10-ല്‍ സംഭവിച്ച കിഴക്കെ ഗോദാവരി പൈപ്പ്ലൈന് അപകടം, 2011 ആഗസ്റ്റിലെ ഗോവാ നാഫ്ത പൈപ്പ്ലൈന് അപകടം എന്നിവ സമീപകാല ഉദാഹരണങ്ങളാണ്.
കൂടാതെ, ജനവാസമേഖലകളില്‍ നിന്ന് റേഡിയേഷന് സുരക്ഷിത അകലം (Radiation Safty Distance)പാലിക്കണമെന്നും കൂടുതല്‍ പ്രത്യാഘാതമുണ്ടാക്കുന്ന സ്ഥലങ്ങളെ (High Consequences Area) വേര്‍തിരിക്കണമെന്നും നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ട്. നാഗ്പൂരിലെ ദേശീയ പരിസ്ഥിതി എഞ്ചീനിയറിംഗ് ഗവേഷണ കേന്ദ്രം (NCERI)നടത്തിയ പഠനം വ്യക്തമാക്കുന്നത് പൈപ്പ്ലൈനിലെ വിള്ളല്‍ അതിന് ചുറ്റുമുള്ള 681 മീറ്റര്‍ ചുറ്റളവില്‍ തീപ്പിടുത്തം പോലുള്ള അപകടം ഉണ്ടാക്കും എന്നാണ്. ഈ പഠനങ്ങള്‍ പ്രകാരം 1000 PSI സമ്മര്‍ദ്ധം ഉള്ള 20 ഇഞ്ച് പ്രകൃതിവാതക പൈപ്പ്ലൈനിന് RS (Radiation Safty Distance) 689 മീറ്റര്‍ ആണെന്നാണ്.
ഗെയില്‍ പ്രകൃതി വാതക പൈപ്പ്ലൈന് 24 ഇഞ്ചും അതിലെ കടന്നുപോകുന്ന വാതകത്തിന്റെ സമ്മര്‍ദ്ദം 1249 മീറ്ററുമാണ്. അതിനാല്‍ ജനവാസമേഖലയും പൈപ്പ് ലൈനും തമ്മിലുള്ള അകലം ചുരുങ്ങിയത് 800 മീറ്ററിലധികമാകേണ്ടതുണ്ട്. ആളുകള്‍ തടിച്ചുകൂടുന്ന സ്കൂളുകള്‍ പോലെയുള്ള സ്ഥലങ്ങളില്‍ അതിന്റെ ഇരട്ടിയും അകലം പാലിക്കല്‍ അനിവാര്യമാകുന്നു. എന്നാല്‍ നിര്‍ദ്ദിഷ്ട ലൈനില്‍ ഇത്തരത്തിലുള്ള യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കപ്പെട്ടിട്ടില്ലെന്ന് കാണാനാകും. ഗെയിലിന്റെ രൂപരേഖയില്‍ എറണാകുളം ജില്ലയിലെ പാനായിക്കുളത്തിനടുത്ത് ഒരു സ്കൂളിന്റെ ഗ്രൗണ്ടിനെ രണ്ടായി മുറിച്ചുകൊണ്ടും തൃശൂര്‍ ജില്ലയിലെ കടവല്ലൂര്‍ പഞ്ചായത്തിലെ ഒരു കോളേജിന്റെയും സ്കൂളിന്റേയും സമീപത്തായുമാണ് പൈപ്പ് ലൈന്‍ അലൈന്മെന്റ് തയ്യാറാക്കിയിരിക്കുന്നത്.
വികസനത്തിന്റെ പ്രയോഗങ്ങള്‍ വിനാശമാകുന്നുവെന്ന തിരിച്ചറിവാണ് ജനങ്ങളെ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്നതെന്ന് നമ്മുടെ ഭരണാധികാരികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. കേരളത്തിലെ ഊര്‍ജ്ജ പ്രതിസന്ധിയുടെ പരിഹാരത്തിന് ഒരു പരിധിവരെ ഗുണകരമാകുന്ന നിര്‍ദ്ദിഷ്ട പദ്ധതി ജനദ്രോഹകരമാല്ലാത്ത രീതിയില്‍ സുരക്ഷിതമായ മാനദ്ദണ്ഡങ്ങളോടെ നിര്‍വ്വഹിക്കാന്‍ അലൈന്മെന്റ് പുതുക്കുകയും ജനവാസമില്ലാത്ത മേഖലകളിലൂടെ കൊണ്ടുപോകാനും സര്‍ക്കാര്‍ തയ്യാറാകാണം. അല്ലാത്തപക്ഷം ദേശീയ പാതക്ക് സ്ഥലമേറ്റടുപ്പ് ശക്തമായ പ്രതിഷേധം നിമിത്തം സ്തംഭിച്ച് നില്ക്കുന്നതുപോലെ ഗെയ്ല് വാതക പൈപ്പ്ലൈന് പദ്ധതിയും സങ്കീര്‍ണമാകുകയും വലിയ തോതില്‍ ജനരോക്ഷം ക്ഷണിച്ചുവരുത്തുകയുമായിരിക്കും ചെയ്യുക.
